Site icon Malayalam News Live

ട്വിഷ ശർമ്മയുടെ മരണത്തിൽ നിര്‍ണായക ഇടപെടൽ; രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

മധ്യപ്രദേശിലെ ഭോപ്പാലിൽ മോഡലും നടിയുമായ ട്വിഷാ ശർമ്മയുടെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യാൻ മധ്യപ്രദേശ് ഹൈക്കോടതി വെള്ളിയാഴ്ച അനുമതി നൽകി. ട്വിഷയുടേത് സാധാരണ ആത്മഹത്യയല്ലെന്നും കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്നുമുള്ള കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി. കീഴ്ക്കോടതി ഈ ആവശ്യം മുൻപ് നിരസിച്ചതിനെ തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഡൽഹി എയിംസിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ ഭോപ്പാലിൽ വെച്ച് തന്നെയായിരിക്കും നടക്കുക.

ഇതിനായി ഡൽഹി എയിംസിലെ ഡോക്ടർമാരെ ഭോപ്പാലിൽ എത്തിക്കാൻ പ്രത്യേക വിമാന സൗകര്യം ഒരുക്കും. ഈ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി ട്വിഷയുടെ കുടുംബം ആരോപിച്ചിരുന്നു. മരണപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തൂങ്ങിമരിക്കാൻ ഉപയോഗിച്ച വസ്തുക്കൾ ആദ്യ പോസ്റ്റ്‌മോർട്ടം സമയത്ത് അന്വേഷണസംഘം ഹാജരാക്കിയില്ല, ശരീരത്തിലുണ്ടായിരുന്ന പരിക്കുകളെക്കുറിച്ച് റിപ്പോർട്ടിൽ വിശദമായി പരാമർശിച്ചില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങൾ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു.

Exit mobile version