Site icon Malayalam News Live

ട്വന്‍റി 20 എൻഡിഎയില്‍; രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബും കൂടിക്കാഴ്ച നടത്തി

കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി ബിജെപി നേതൃത്വം. സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടി എൻഡിഎയുടെ ഭാഗമായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായുള്ള നിർണായക രാഷ്ട്രീയനീക്കമാണിത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് അടിപതറിയിരുന്നു. കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ട്വന്റി20 നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഭരിച്ചിരുന്ന നാല് പഞ്ചായത്തുകളിൽ ഐക്കരനാടും കിഴക്കമ്പലവും മാത്രമാണ് ഇക്കുറി ഒപ്പം നിന്നത്. കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി20 നേരിട്ടത് കനത്ത പരാജയമാണ്. ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്ത് ആയ വടവുകോടും ട്വന്റി20ക്ക് ഇത്തവണ നഷ്ടപ്പെട്ടിരുന്നു. അതിന് ശേഷമാണ് ട്വന്റി 20യുടെ നിര്‍ണായ തീരുമാനം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോൾ സാബു ജേക്കബും വേദിയിലുണ്ടാകും. അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ സാബുവുമായി ചർച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്‍റി 20 യെ എൻഡിഎ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായത്.

Exit mobile version