Site icon Malayalam News Live

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം; ജാതി പേര് വിളിച്ചു അധിക്ഷേപിക്കുകയും ഹോസ്റ്റൽ മുറിയിൽ കയറി മർദ്ദിക്കുകയും ചെയ്തു; പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ; 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ആണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ വച്ച് മർദ്ദനമേറ്റത്.

സംഭവത്തിൽ ഏഴുപേർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു.

എസ്എഫ്‌ഐ പ്രവർത്തകരായ ആദിൽ, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന രണ്ടുപേർക്കെതിരേയുമാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ഏഴംഗസംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മുറിയിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിയെ മർദ്ദിച്ചത്.

കോളേജിൽ എസ്എഫ്ഐക്കെതിരെ പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചായിരുന്നു മർദ്ദിച്ചതെന്ന് വിദ്യാർഥി പരാതിയിൽ പറയുന്നു.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. മുഖത്തും ചെവിക്കും പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ ഭിന്നശേഷിക്കാരൻ്റെ സുഹൃത്താണ് പരാതിക്കാരൻ.

Exit mobile version