Site icon Malayalam News Live

‘വാളയാർ പരമശിവം’ സ്റ്റൈൽ പക്ഷേ പണി പാളി; ക്രിസ്മസ്, പുതുവത്സരം കൊഴുപ്പിക്കാൻ കേരളത്തിലേക്ക് കയറ്റി വന്ന 2600 ലിറ്റർ സ്പിരിറ്റ് പിടികൂടി എക്സൈസ് സംഘം; പിടികൂടിയത് രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ ; മുന്തിരി കയറ്റിയ പിക്കപ്പ് വാനിൽ കന്നാസിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്

തൃശൂര്‍: മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. ബെംഗളൂരുവില്‍നിന്ന് മുന്തിരി ലോറിയിൽ  ഒളിപ്പിച്ചെത്തിയ 2600 ലിറ്റര്‍ സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിലായി. പാലക്കാട് സ്വദേശി ഹരി, പഴുവില്‍ സ്വദേശി പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്.

എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ കൊടുങ്ങല്ലൂര്‍ സ്വദേശിക്കായി തെരച്ചിലാരംഭിച്ചു.

ക്രിസ്മസ്, പുതുവത്സരം കൊഴുപ്പിക്കാന്‍ കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എക്‌സൈസിന്റെ വിവിധ സ്‌ക്വാഡുകള്‍ മണ്ണുത്തി ദേശീയ പാതയില്‍ കാത്തുനിന്നത്.

ബെംഗളൂരുവില്‍നിന്ന് മുന്തിരി ലോഡുമായെത്തിയ പിക്കപ്പ് ലോറി ദേശീയപാതയുടെ അരികിലൊതുക്കുകയും മറ്റൊരു കാര്‍ അടുത്തുവന്നു നിര്‍ത്തുകയും ചെയ്തതോടെ എക്‌സൈസ് സംഘം വാഹനം ബ്ലോക്ക് ചെയ്തു.

കാറില്‍ നിന്നിറങ്ങിയ കൊടുങ്ങല്ലൂര്‍ സ്വദേശി തിരികെ കയറി കാര്‍ വെട്ടിച്ചെടുത്ത് കടന്നു. പിക്കപ്പില്‍നിന്ന് മുന്തിരി ലോഡ് ഇറക്കി നടത്തിയ പരിശോധനയിലാണ് 79 കന്നാസുകളിലായി സൂക്ഷിച്ച 2600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. പ്രദീപ്, ഹരി എന്നിവരാണ് പിടിയിലായത്. വ്യാജ വിദേശമദ്യ നിര്‍മാണത്തിനാണ് സ്പിരിറ്റെത്തിച്ചതെന്നാണ് നിഗമനം. രക്ഷപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ജിതിനായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തി.

Exit mobile version