നെയ്യാറ്റിന്‍കര: കവുങ്ങ് മുറിക്കുന്നതിനിടെ മരം പിളര്‍ന്ന് ഒരുഭാഗം കഴുത്തില്‍ കുത്തിക്കയറി യുവാവ് അതി ദാരുണമായി മരിച്ചു.
പെരുമ്പഴുതൂര്‍, ചെമ്മണ്ണുവിള, പരപ്പിന്‍തല പുത്തന്‍വീട്ടില്‍ പരേതനായ മധുവിന്റെയും സുധയുടെയും മകന്‍ മഹേഷ്(30) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിലെ കവുങ്ങ് മുറിക്കുന്നതിനിടെ ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് അപകടം.
മഹേഷിന്റെ സുഹൃത്തായ പുന്നയ്ക്കാട്, പൂകൈത, പദ്മവിലാസത്തില്‍ ഹരിയുടെ വീട്ടുവളപ്പിലായിരുന്നു അപകടം. പ്ലംബറും ഇലക്‌ട്രീഷ്യനുമാണ് മഹേഷ്.
സുഹൃത്ത് ഹരിയുടെ വീട്ടിലെ കവുങ്ങ് മുറിക്കാനായി മഹേഷ് മരത്തില്‍ കയറി. ഇരുപതടിയോളം മുകളില്‍വെച്ച് കവുങ്ങ് മുറിച്ചു തുടങ്ങി. ഇതിനിടെ മരം രണ്ടായി പിളര്‍ന്നു. ഇതില്‍ ഒരുഭാഗം ഒടിഞ്ഞു താഴേക്കു മറിയുന്നതിനിടെ മഹേഷിന്റെ കഴുത്തില്‍ തുളച്ചുകയറി.
തടിക്കൊപ്പം മഹേഷും താഴേക്കുവീണു. ഉടനെ സുഹൃത്തും വീട്ടുകാരും മഹേഷിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
