Site icon Malayalam News Live

ലിംഗവിവേചനത്തിനും അധിക്ഷേപവും നേരിട്ടതായി ആരോപണം; ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ക്കെതിരെ പരാതിയുമായി കേരളത്തിലെ ആദ്യ ട്രാന്‍സ്‌വിമന്‍ അഭിഭാഷക

കൊച്ചി: രണ്ട് ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ക്കെതിരെ പരാതി നല്‍കി കേരളത്തിലെ ആദ്യ ട്രാന്‍സ്‌വിമന്‍ അഭിഭാഷക പത്മ ലക്ഷ്മി.

പ്ലീഡര്‍മാരില്‍ നിന്ന് നേരിടുന്ന ലിംഗവിവേചനത്തിനും അധിക്ഷേപങ്ങള്‍ക്കുമെതിരെയാണ് പത്മ ലക്ഷ്മി പരാതി നല്‍കിയത്. കേരള ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ക്കും നിയമമന്ത്രി പി രാജീവിനുമാണ് പത്മ ലക്ഷ്മി ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയത്.

സ്റ്റേറ്റിനെ റെപ്രെസെന്റ് ചെയ്യുന്ന വ്യക്തികളില്‍ നിന്നാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും സുപ്രധാന പദവിയിലിരിക്കുന്ന വ്യക്തികളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അധിക്ഷേപങ്ങളാണ് സംഭവിച്ചതെന്നും പത്മലക്ഷ്മി പറഞ്ഞു. ഒരു കേസിനെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ സമീപിച്ചപ്പോഴാണ് തനിക്ക് ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്ന് അധിക്ഷേപം നേരിട്ടതെന്ന് പത്മലക്ഷ്മി അറിയിച്ചു. ജൂലൈ 27ന് ആണ് സംഭവം നടന്നത്.

സംശയം ചോദിക്കാന്‍ സമീപിച്ചപ്പോള്‍ ഒന്‍പതെന്ന് വിളിച്ച്‌ ആക്ഷേപിച്ചതായാണ് പരാതി. മോശമായി സംസാരിക്കുന്നുവെന്ന് അറിയിച്ചപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച്‌ ഒഴിവാക്കിയെന്നും പത്മലക്ഷ്മി പറഞ്ഞു.

തനിക്ക് നിരന്തരമായി ജോലി സ്ഥലങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ അഡ്വക്കേറ്റ് പദവിയിലെത്താന്‍ കാരണം എല്‍ഡിഎഫിന്റെ തെമ്മാടിത്തരമാണെന്ന് ഒരു സീനിയര്‍ അഭിഭാഷകന്‍ പറഞ്ഞതായും പത്മലക്ഷ്മി ആരോപിക്കുന്നു.

Exit mobile version