Site icon Malayalam News Live

ട്രെയിനിലെ ശുചിമുറിയില്‍ വയോധികന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

കണ്ണൂർ: ട്രെയിനിലെ ശുചിമുറിക്കുള്ളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെ ചെന്നൈ-മംഗളൂരു മെയില്‍ പയ്യന്നൂർ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.

ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന വയോധികന തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിന്റെ പിൻഭാഗത്തെ ജനറല്‍ കംപാർട്ട്‌മെന്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ട്രെയിൻ പഴയങ്ങാടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ശുചിമുറി ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാതിരുന്നതോടെ യാത്രക്കാർക്ക് സംശയം തോന്നുകയും ഉടൻതന്നെ ഗാർഡിനെ വിവരം അറിയിക്കുകയുമായിരുന്നു, ഗാർഡ് പാലക്കാട് റെയില്‍വേ കണ്‍ട്രോള്‍ ഓഫീസില്‍ വിവരം അറിയിച്ചു.

 

പാലക്കാട് ഓഫീസില്‍ നിന്നുള്ള നിർദ്ദേശപ്രകാരം പയ്യന്നൂർ സ്റ്റേഷനില്‍ ആംബുലൻസും അഗ്നിരക്ഷാസേനയും നേരത്തെതന്നെ സജ്ജമായിരുന്നു. പത്ത് മണിയോടെ ട്രെയിൻ പയ്യന്നൂരിലെത്തിയ ഉടൻ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ശുചിമുറിയുടെ വാതില്‍ തകർത്ത് അകത്തുകയറി.

എന്നാല്‍ വയോധികൻ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

Exit mobile version