Site icon Malayalam News Live

ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ; ക്രിസ്മസിന് ശേഷം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി : രാജ്യത്തെ യാത്രാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. 215 കിലോമീറ്റർ വരെയുള്ള ജനറല്‍ ക്ലാസ് ടിക്കറ്റുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല.

പുതിയ ഉത്തരവ് പ്രകാരം, ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും എസി കോച്ചുകള്‍ക്ക് കിലോമീറ്ററിന് രണ്ടുപൈസയുമാണ് വര്‍ധിപ്പിച്ചത്. 600 കോടിയുടെ രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ഇതിലൂടെ ലക്ഷ്യമിടുന്നത്. നിരക്ക് പരിഷ്‌കരണത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് റെയില്‍വേയുടെ പ്രവര്‍ത്തന ചെലവുകളില്‍ ഉണ്ടായ വര്‍ധനവാണ്.

നിലവില്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാത്രം 1,15,000 കോടി രൂപ റെയില്‍വേ ചെലവിടുന്നുണ്ട്. പെന്‍ഷന്‍ ചെലവ് 60,000 കോടി രൂപയായും ഉയര്‍ന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ ആകെ പ്രവര്‍ത്തന ചെലവ് 2,63,000 കോടി രൂപയായാണ് വര്‍ധിച്ചത്. ഈ അധിക ബാധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ വർഷം രണ്ടാം തവണയാണ് റെയിൽവേ ട്രെയിൻ ടിക്കറ്റ് വിലയിൽ വർധനവ് വരുത്തുന്നത്. നേരത്തെ, ജൂലൈ ഒന്നാം തീയതിയും നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ജൂലൈ 1 മുതൽ ഇന്ത്യൻ റെയിൽവേ ട്രെയിൻ നിരക്കുകളിൽ വരുത്തിയ വർധനവും ഇതേ അളവിലായിരുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വർദ്ധിപ്പിച്ചപ്പോൾ, എസി ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിന് കിലോമീറ്ററിന് രണ്ട് പൈസ വീതം വർദ്ധിപ്പിച്ചു.

Exit mobile version