ചെന്നൈ: ഐആർടിസി വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ സുപ്രധാന അപ്ഡേഷനുമായി ഇന്ത്യൻ റെയില്‍വേ.
ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഇനി ഓണ്‍ലൈനായി റെയില്‍വേ തത്കാല്‍ ടിക്കറ്റുകളെടുക്കാൻ കഴിയൂ. ജൂലായ് ഒന്നു മുതല്‍ പുതിയ അപ്ഡേറ്റ് നിലവില്‍ വരും. ടിക്കറ്റെടുക്കുമ്പോള്‍ ആധാർ അധിഷ്ഠിത ഒടിപി നല്‍കുന്ന സംവിധാനം ജൂലായ് 15 മുതല്‍ നിർബന്ധമാക്കുമെന്ന് ഇന്ത്യൻ റെയില്‍വേ അറിയിച്ചു.
ഇതോടെ ആധാർ ഇല്ലാത്തവർക്കും ആധാർ വിവരങ്ങള്‍ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും തത്കാല്‍ ടിക്കറ്റെടുക്കാൻ പറ്റാതെയാവും. ഐആർസിടിസി വെബ് സൈറ്റോ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവരില്‍ ഭൂരിപക്ഷവും തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
ഐആർസിടിസി അക്കൗണ്ടില്‍ ലിങ്ക് ആധാർ എന്ന ഭാഗംതുറന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ആധാറുമായി ബന്ധപ്പെടുത്താനാവും. ഇത് ഒറ്റത്തവണചെയ്താല്‍ മതി.
എന്നാല്‍, ജൂലായ് 15 മുതല്‍ ഓണ്‍ലൈൻ ആയോ കൗണ്ടറില്‍ ചെന്നോ ഓരോ തവണ ടിക്കറ്റെടുക്കുമ്പോഴും ആധാർ ഒടിപി നല്‍കേണ്ടിവരും. അംഗീകൃത ഏജന്റുമാർ വഴി ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റുകള്‍ക്കും ബുക്കിംഗ് സമയത്ത് ഉപയോക്താവ് ഒടിപി നല്‍കണം.
ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണിലേക്കാണ് ഒടിപി വരിക. തത്ക്കാല്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യത്തെ അര മണിക്കൂർ ഏജന്റുമാർക്ക് ടിക്കറ്റ് ലഭിക്കില്ലെന്നും ഇന്ത്യൻ റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.
