Site icon Malayalam News Live

ഷൊര്‍ണൂരില്‍ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് ശുചീകരണ തൊഴിലാളികള്‍; ട്രെയിനിടിച്ചശേഷം ഒരാള്‍ പുഴയിലേക്ക് വീണെന്ന് ദൃക്സാക്ഷികള്‍

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം.

ഡൽഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.

വില്ലുപുരം സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഇതില്‍ മൂന്നുപേരുടെ മൃതദേഹം കിട്ടി.

ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തില്‍ വെച്ച്‌ വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. നാലുപേരും കരാര്‍ തൊഴിലാളികളാണ്. ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച്‌ വരുന്നതിനിടെയാണ് ഇവരെ ട്രെയിൻ തട്ടിയത്.

ട്രെയിനിടിച്ചശേഷം ഒരാള്‍ പുഴയിലേക്ക് വീണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒരു പുരുഷന്‍റെ മൃതദേഹമാണ് കിട്ടാനുള്ളത്. മൃതദേഹം കണ്ടെത്താനുള്ള തെരച്ചിലും ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ വരുമ്പോള്‍ രണ്ടു പുരുഷന്മാരും പാലത്തിന്‍റെ നടുഭാഗത്തായിരുന്നു ഉണ്ടായിരുന്നത്.

ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ഇവരെ ട്രെയിൻ ഇടിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഭാരതപ്പുഴക്ക് കുറുകെ ഷൊർണൂരിലെ ചെറുതുരുത്തിയിലാണ് കൊച്ചിൻ പാലമുള്ളത്. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ നാലുപേരും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

Exit mobile version