കുറവിലങ്ങാട്: സെൻട്രൽ ജംഗ്ഷനിലും കോഴാക്കവലയിലും സ്ഥാപിച്ച ട്രാഫിക് സിഗ്നലുകളെച്ചൊല്ലി ബാക്കിയുള്ളത് ആക്ഷേപങ്ങൾ മാത്രം. പ്രതിഷേധവും ആക്ഷേപവും ശക്തമായതിനു പിന്നാലെ അപകടങ്ങളും ഇവിടെ തുടർക്കഥയാകുന്നു.
കോഴായിലും സെൻട്രൽ ജംഗ്ഷനിലും വാഹനങ്ങൾക്ക് പിന്നിലിടിച്ചും കൂട്ടിയിടിച്ചും അപകടങ്ങളുണ്ടായതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. ട്രാഫിക് സിഗ്നലുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയതോടെ ടൗണിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിയിട്ടുണ്ട്.
മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായിരുന്ന കഴിഞ്ഞദിവസം തീർത്ഥാടകരടക്കമുള്ളവരുടെ വാഹനങ്ങൾ കോഴാക്കവല മുതൽ നിരങ്ങി നീങ്ങേണ്ടി വന്നു. സാധാരണ ദിവസങ്ങളിൽ മുട്ടുങ്കൽ ജംഗ്ഷൻ മുതൽ വാഹനങ്ങൾ ഇഴഞ്ഞുതുടങ്ങണം. ഇതു സമയനഷ്ടവും ഇന്ധന നഷ്ടവുമുണ്ടാക്കുന്നുണ്ട്. ഇതിലുപരി ഗതാഗത നിയമലംഘനങ്ങൾക്കും ഇതു കാരണമാകുന്നു.
സെൻട്രൽ ജംഗ്ഷനിൽ പോലീസിനെ കാണാനില്ലാതിരുന്ന സ്ഥിതിപോലും മാറി. പലപ്പോഴും പോലീസോ ഹോം ഗാർഡോ എത്തിയാണ് ഗതാഗതക്കുരുക്ക് അഴിക്കുന്നത്. നാടിനും ജനത്തിനും വേണ്ടാത്ത ട്രാഫിക് സിഗ്നൽ ആർക്കുവേണ്ടി നടപ്പിലാക്കുന്നുവെന്നാണു ചോദ്യം.
എംസി റോഡിൽ തന്നെ കോഴായേക്കാൾ വലിയ ജംഗ്ഷനുകളിലൊന്നും സിഗ്നൽ വഴിയല്ല ഗതാഗതനിയന്ത്രണമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. കോഴായിലും മുമ്പ് തടസമില്ലാതെ നീങ്ങിയിരുന്ന വാഹനങ്ങൾ ഇപ്പോൾ ഇഴഞ്ഞുനീങ്ങുകയാണ്.
