Site icon Malayalam News Live

ആറുവരിപ്പാത ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകും; പിന്നെ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മന്ത്രി

കോഴിക്കോട്: കാസര്‍കോട് – തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ പണി ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടമുണ്ടാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

മലബാറിലെ ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന്‍റെയാകെ വികസനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാര്‍ ടൂറിസം ബിടുബി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ കേരളത്തിലേക്കുള്ള സഞ്ചാരികളില്‍ മലബാറിലേക്കുള്ള സന്ദര്‍ശകരുടെ വരവ് ആറു ശതമാനം മാത്രമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് മലബാറിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടമുണ്ടായി.

പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുള്ള തീരുമാനം ഇതിന് ഊര്‍ജ്ജം പകര്‍ന്നു. മലയോര പാതയും തീരദേശ പാതയും ദേശീയപാതയ്ക്ക് ഒപ്പം പൂര്‍ത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ അടിസ്ഥാന സൗകര്യം ഉയരും. 50 കിലോമീറ്റർ ഇടവേളയില്‍ വിശ്രമ സംവിധാനമുള്‍പ്പെടെയാണ് തീരദേശ പാത വരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Exit mobile version