Site icon Malayalam News Live

ഇന്ധന സർചാർജ് ഏർപ്പെടുത്തി ആകാശ എയറും; ടിക്കറ്റ് നിരക്കുകൾ വർധിക്കും, യാത്രക്കാർക്ക് ഇരുട്ടടി

ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ ഇന്ധന സർചാർജ് ഏർപ്പെടുത്താനൊരുങ്ങി ആകാശ എയർ. നാളെ മുതലുള്ള ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ആകാശ എയർ ഉൾപ്പെടുത്തും. 199 മുതൽ 1300 രൂപ വരെയാണ് ഇന്ധന സർചാർജ് ആയി ഈടാക്കുക. ഇന്ന് അർധരാതി മുതൽക്കാണ് പുതിയ നിരക്കു വർധനവ് പ്രാബല്യത്തിൽ വരിക. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ മൂലം വിമാന ഇന്ധനത്തിനുണ്ടായ വില വർധനവാണ് ഇന്ധന സർചാർജ് ഏർപ്പെടുത്താൻ കാരണമായത് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇതോടെ ആകാശ എയറിൽ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കുള്ള ചിലവേറും.

നിരവധി വിമാനകമ്പനികളാണ് പശ്ചിമേഷ്യൻ സംഘർഷം മൂലം ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ഉൾപ്പെടുത്തിയത്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും വിമാനനിരക്കുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇൻഡിഗോയും ഇന്ധന സർചാർജ് ഉൾപ്പെടുത്തിയിരുന്നു. ഇന്ന് മുതൽക്ക് നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു. ഇന്ത്യക്കുള്ളിൽ 425 രൂപ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിലും 425 രൂപ, പശ്ചിമേഷ്യ 900 രൂപ, ദക്ഷിണ-കിഴക്കൻ ഏഷ്യ & ചൈന – 1800 രൂപ, ആഫ്രിക്ക & പടിഞ്ഞാറൻ ഏഷ്യ 1800 രൂപ, യൂറോപ്പ് 2300 രൂപ എന്നിങ്ങനെയാണ് ഇൻഡിഗോയുടെ ഇന്ധന സർചാർജ് നിരക്കുകൾ. സാഹചര്യം മൂലമാണ് ഈ വർധനവെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ പറഞ്ഞിരുന്നു.

Exit mobile version