Site icon Malayalam News Live

തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; തിരുവനന്തപുരത്തും കോഴിക്കോടും പരിശോധന

തൃശൂരിൽ റെയിൽവേ പാർക്കിങ്ങിൽ തീപിടിത്തം ഉണ്ടായ പശ്ചാത്തലത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിവേ സ്റ്റേഷനിലും പരിശോധന നടത്തി. റെയിൽവേ പൊലീസ്, ആർപിഎഫ്, ലോക്കൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പാർക്കിങ് ഗ്രൗണ്ടിലേക്കെത്തുന്ന വാഹനങ്ങളുടെ കൃത്യമായ കണക്ക് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകുകയും ചെയ്തു. അതേസമയം തൃശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച് തൃശൂർ കോർപ്പറേഷൻ. തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയയിൽ മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തൽ. 7 ദിവസത്തിനകം പരിശോധന നടത്തണമെന്നും നോട്ടീസിൽ പറയുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ തീ പടർന്നത്. തീപിടിത്തത്തിൽ 600ലേറെ ബൈക്കുകളാണ് കത്തി നശിച്ചത്. 5 ഫയർ യൂണിറ്റ് ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Exit mobile version