Site icon Malayalam News Live

ഗൂഢാലോചനയല്ല, ഉദ്യോഗസ്ഥ പിഴവെന്ന് തിരുവമ്പാടി ദേവസ്വം; എഫ്‌ഐആര്‍ ഇട്ട് ഉപദ്രവിച്ചാല്‍ പ്രതിഷേധമെന്ന് പാറമേക്കാവ്

തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍.

പൂരം അലങ്കോലമായതിന് പിന്നില്‍ ഗൂഢാലോചനയല്ലെന്നും ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നും തിരുവമ്പാടി ദേവസ്വം പ്രതികരിച്ചപ്പോള്‍ എഫ്‌ഐആർ ഇട്ട് ഉപദ്രവിച്ചാല്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം.

തൃശ്ശൂർ പൂരം അലങ്കോലമായതിന് പിന്നില്‍ ഗൂഢാലോചനയല്ല, ഉദ്യോഗസ്ഥർക്ക് എവിടെയോ തെറ്റ് പറ്റിയതായിരിക്കാം ഉണ്ടായത്. പൂരവുമായി ബന്ധപ്പെട്ട് പൊതുവായി എടുത്ത തീരുമാനത്തില്‍ നിന്ന് എവിടെയോ വ്യതിചലിച്ചിട്ടുണ്ട്. പറ്റിയ തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നും ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ദേവസ്വം പൂരം തടയില്ല. പൂരം നടത്തുന്നവരാണ്. അതിനാല്‍ പൊലീസെടുത്ത കേസിന്റെ പ്രതിപ്പട്ടികയില്‍ ദേവസ്വം വരില്ല. നേരത്തെ ഉണ്ടായ മീറ്റിങ്ങുകളിലെ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തി മുന്നോട്ടുപോയതിനെയാണ് ദേവസ്വം ചോദ്യം ചെയ്തത്. തെറ്റ് ചെയ്തത് ആരാണെങ്കിലും അനുഭവിക്കണം.

ഇതിന് മുൻപും തൃശ്ശൂരില്‍ കമ്മീഷണർ ഉണ്ടായിരുന്നു. എല്ലാവരും സൗഹൃദത്തോട് നില്‍ക്കുന്നതാണ് തൃശൂരില്‍ കണ്ടത്. പക്ഷേ കഴിഞ്ഞ കമ്മീഷണർ പൂരത്തിന് തടസ്സങ്ങള്‍ ഉണ്ടാക്കി. കഴിഞ്ഞത് കഴിഞ്ഞു ഇനിയുള്ള പൂരം എങ്കിലും ഒറ്റക്കെട്ടായി നടത്താൻ കഴിയണമെന്നും തിരുമ്പാടി ദേവസ്വം വ്യക്തമാക്കി.

Exit mobile version