Site icon Malayalam News Live

വെടിക്കെട്ട് ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കി; മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നിയന്ത്രിതമാക്കി; മറ്റ് ചടങ്ങുകൾ മാറ്റമില്ലാതെ തുടരും

തൃശൂർ: മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിൻറെ പശ്ചാത്തലത്തില്‍ തൃശൂർ പൂരം പരിമിതപ്പെടുത്തി. വെടിക്കെട്ട് ഒഴിവാക്കി. ഒരു മണിക്കൂർ ദൈർഘ്യമുള്ള കുടമാറ്റം പതിനഞ്ച് മിനിറ്റായി ചുരുക്കി. വെടിപ്പുര ദുരന്തത്തിന് പിന്നാലെ ഇത്തവണത്തെ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനായി സർക്കാർ വിളിച്ച യോഗത്തിൻറേതാണ് തീരുമാനം.

ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തി. വെടിക്കെട്ട് ഉണ്ടാവില്ല, ആഘോഷപൂർവ്വമുള്ള കുടമാറ്റവും ഇല്ല. പതിനഞ്ച് മിനിറ്റ് മാത്രം ദൈർഘ്യമേ ഇത്തവണ കുടമാറ്റത്തിന് ഉണ്ടാവൂ. പരമാവധി പത്തുസെറ്റു കുടകളാണ് ഇത്തവണ മാറാനാവുന്നത്.

 

സാധാരണ ഒരുമണിക്കൂർ ദൈർഘ്യമുള്ള കുടുമാറ്റമാണ് നടത്തുക. അമ്പത്തിയഞ്ച് സെറ്റ് കുടകള്‍ ഇരുദേവസ്വങ്ങളും ഈ സമയം കൊണ്ട് കൊണ്ട് മാറുമായിരുന്നു. അതാണ് പത്തു സെറ്റു കുടകളായി പരിമിതപ്പെടുത്തിയത്.

പൂരത്തിൻറെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും. എട്ടു ഘടക പൂരങ്ങളും അവർക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിൻറെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറയ്ക്കാതെ അവതരിപ്പിക്കും. ചമയ പ്രദർശനം നടത്തുമെങ്കിലും ആഘോഷപൂർവ്വമായിരിക്കില്ല. നേരത്തെ സാംപിള്‍ വെടിക്കെട്ട് ഒഴിവാക്കി പൂരം വെടിക്കെട്ടും പകല്‍ വെടിക്കെട്ടും നടത്തണമെന്ന് പാറമേക്കാവ് അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുത്തു. കളക്‌ട്രേറ്റില്‍ യോഗം ചേരുന്നതിന് മുമ്പ് വിഎൻ വാസവൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് ദേവസ്വം ഭാരവാഹികളെ വിളിച്ചുവരുത്തി സമവായ ചർച്ച നടത്തിയിരുന്നു.

Exit mobile version