Site icon Malayalam News Live

തൃശ്ശൂരിൽ സംഘർഷം : മോദി പങ്കെടുത്ത വേദിയിൽ ചാണക വെള്ളം തളിക്കാൻ കെ എസ് യു ശ്രമിച്ചെന്നാരോപിച്ച് ബിജെപി

 

സ്വന്തം ലേഖകൻ

 

തൃശൂർ : തൃശ്ശൂരില്‍ യൂത്ത്കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

 

ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആല്‍മരത്തിന്റെ കൊമ്ബുകള്‍ മുറിച്ചുമാറ്റിയിരുന്നു. ഈ മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്.

 

പ്രതിഷേധക്കാരെത്തിയ പ്പോള്‍ ഫ്ലക്സുകളും മറ്റും അഴിക്കാൻ ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തി. എന്നാല്‍ മോദി പങ്കെടുത്ത വേദിയില്‍ ചാണകവെള്ളം തളിക്കാനായി കെഎസ്‍‍യു ശ്രമിച്ചുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാല്‍ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. വര്‍ഷങ്ങളായി പഴക്കമുള്ള ആല്‍മരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

 

അതേസമയം, നിലവില്‍ സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്തേക്കെത്തും. പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ആവശ്യം. എന്നാല്‍ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

Exit mobile version