Site icon Malayalam News Live

മുണ്ടത്തിക്കോട് അപകടം; ഡിഎൻഎ പരിശോധന ഫലം മറ്റന്നാള്‍ മുതല്‍ ലഭിച്ചു തുടങ്ങും

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പ്പുര അപകടത്തില്‍ മരിച്ചവരുടെ ഡിഎൻഎ പരിശോധന ഫലം മറ്റന്നാള്‍ മുതല്‍ ലഭിച്ചു തുടങ്ങും.

29 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകള്‍ ആണ് ഇതുവരെ പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. ഇന്ന് ലഭിച്ച തലയില്‍ നിന്നും ഡിഎൻഎ സാമ്പിളുകള്‍ ശേഖരിക്കും, ആരെന്നത് ഔദ്യോഗികമായി ഡിഎൻഎ ഫലത്തിനുശേഷമായിരിക്കും സ്ഥിരീകരിക്കുക. മൊബൈല്‍ ഡിഎൻഎ യൂണിറ്റ് എത്തിയതോടെ പരിശോധനയുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ തൃശ്ശൂരില്‍ നിന്നു തന്നെ പൂർത്തിയാക്കാൻ കഴിയും. അന്തിമഫലം തിരുവനന്തപുരത്ത് നിന്ന് തന്നെയാകും വരികയെന്നും തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു.

 

ദുരന്തത്തില്‍ ഡിഎൻഎ പരിശോധന നടത്താൻ പോലും കഴിയാത്ത രീതിയില്‍ ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയെന്ന് തൃശൂർ മെഡിക്കല്‍ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ ഹിതേഷ് ശങ്കർ പ്രതികരിച്ചു. ഉള്ളുലഞ്ഞു പോകുന്ന ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാൻ സർക്കാരിന് നിർദേശങ്ങള്‍ സമർപ്പിക്കുമെന്നും ഡോക്ടർ ഹിതേഷ് ശങ്കർ പറഞ്ഞു.

 

ഇന്ന് നടന്ന തിരച്ചിലില്‍ കണ്ടെത്തിയ തല കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേത് എന്നാണ് നിഗമനം. മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ സുഹൃത്തുക്കള്‍ എത്തി ഇവ തിരിച്ചറിഞ്ഞു. അതേസമയം, വെടിക്കെട്ടുപുര അപകടത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. സംശയിക്കത്തക്കതായി എന്തെങ്കിലും ഉണ്ടോ എന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇതിനിടെ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍, പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ലൈസൻസി ബിനോയ് ജേക്കബിനെതിരെ കേസെടുത്തു. വെള്ളാരം കടവിലെ പടക്ക നിർമാണശാല പൊലീസ് സീല്‍ ചെയ്തു. പൊലീസ് നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം രംഗത്ത് എത്തി.

Exit mobile version