Site icon Malayalam News Live

നാടിനെ നടുക്കി അരുംകൊല; നാലംഗ കുടുംബത്തിന് നേരെ ആക്രമണം; 3 പേരെ വെട്ടിക്കൊലപ്പെടുത്തി; വെട്ടേറ്റ ഒരം​ഗം ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ; അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന; സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എറണാകുളം: എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കൊലപാതകത്തിൽ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രതി മാനസികപ്രശ്നം ഉള്ള ആളാണോ എന്ന് സംശയമുണ്ടെന്ന് റൂറല്‍ എസ്പി പറഞ്ഞു. ലഹരിക്ക് അടിമയാണോ എന്നതിൽ പരിശോധന വേണം. ഇയാൾ നേരത്തെ പല കേസുകളിലും പ്രതിയാണ്.

2022 മുതൽ റൗഡി ലിസ്റ്റിൽ ഉള്ള ആളാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ഋതു. വടക്കൻ പറവൂർ, വടക്കേക്കര സ്റ്റേഷനുകളിൽ ഇയാളുടെ പേരില്‍ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വടക്കൻ പറവൂരിൽ അടിപിടിക്കേസിലും പ്രതിയാണ്.

Exit mobile version