Site icon Malayalam News Live

കാറും ബസും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; സംഭവം കൊണ്ടോട്ടിയിൽ

കോഴിക്കോട് മലപ്പുറം റോഡിൽ മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ മണ്ണാർക്കാട് സ്വദേശിയായ ഡ്രൈവറും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ പുരുഷനും സ്ത്രീയും ചികിത്സയിലാണ്. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version