Site icon Malayalam News Live

വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും തടയാൻ ശ്രമിച്ച ഭാര്യയെയും മാതാവിനെയും ചവിട്ടി വീഴ്ത്തുകയും ചെയ്തു; മർദ്ദനത്തിൽ യുവാവിന്റെ എല്ലുപൊട്ടി ​ഗുരുതരമായി പരിക്കേറ്റു; സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നം​ഗസംഘം പിടിയിൽ

കല്‍പ്പറ്റ: യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഘം അറസ്റ്റില്‍.

തരുവണ സ്വദേശികളായ കുന്നുമ്മലങ്ങാടി കാഞ്ഞായിവീട്ടില്‍ കെഎ മുഹമ്മദ് ലത്തീഫ്(36), കെ മുഹമ്മദ് യൂനസ് (34), കുന്നുമ്മലങ്ങാടി തളിക്കുഴി വീട്ടില്‍ മുനീര്‍ (41) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

തരുവണ കുന്നുമ്മലങ്ങാടി നാവിയങ്കണ്ടി മുഹമ്മദലി (41) എന്നയാളെ സംഘം ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

പൊരുന്നന്നൂര്‍, കുന്നുമ്മലങ്ങാടി എന്ന സ്ഥലത്ത് കുടുംബമായി താമസിക്കുന്ന പരാതിക്കാരന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതികള്‍ കൈകൊണ്ടും വടി ഉപയോഗിച്ചും അതിക്രൂരമായി മര്‍ദ്ദിക്കുകയും അക്രമം തടയാന്‍ ശ്രമിച്ച പരാതിക്കാരന്റെ ഭാര്യയെയും മാതാവിനെയും ചവിട്ടി തള്ളി വീഴ്ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ ഉള്ളതായി പോലീസ് അറിയിച്ചു.

മര്‍ദ്ദനത്തില്‍ മുഹമ്മദലിയുടെ ഇരു കൈകളുടെയും എല്ലു പൊട്ടി ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

വെള്ളമുണ്ട സ്റ്റേഷന്‍ എസ്.എച്ച്.ഒ.എല്‍ സുരേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റഹീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Exit mobile version