Site icon Malayalam News Live

തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പണം കവർന്നു; കൈനകരി സ്വദേശി കുമരകം പോലീസിൻ്റെ പിടിയിൽ

കുമരകം: തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പണം കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.

ആലപ്പുഴ കൈനകരി ഭാഗത്ത് കുന്നത്തറ വീട്ടിൽ ആശാകുമാർ (48) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ആറാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെയോടുകൂടി തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി ഇയാൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് കുത്തി തുറന്ന് അതിലുണ്ടായിരുന്ന ഏകദേശം 8,500 രൂപയോളം മോഷണം ചെയ്ത് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിൽ ഇയാളെ അമ്പലപ്പുഴയിൽ നിന്നും പിടികൂടുകയുമായിരുന്നു.

കുമരകം സ്റ്റേഷൻ എസ്.എച്ച്. ഓ തോമസ് കെ.ജെ, എസ്.ഐ മാരായ മനോജ് കെ.കെ, ഷാജി, സി.പി.ഓ മാരായ ശിവപ്രസാദ്, രാജു, സുജിത്ത്, ഡെന്നി, അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version