Site icon Malayalam News Live

തിരുവനന്തപുരത്ത് ഇന്നലെ യുവാക്കളെ ഇടിച്ചു തെറിപ്പിച്ച കാർ ഓടിച്ചത് മണിയൻപിള്ള രാജു തന്നെയെന്ന് പോലീസ്; കേസെടുത്തു

തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ. വാഹനത്തിന്റെ ആർസി ഓണറുടെ പേര് സുധീര്‍കുമാര്‍ എന്നാണ്. മണിയന്‍പിളള രാജുവിന്റെ യഥാര്‍ത്ഥ പേരാണ് സുധീര്‍ കുമാര്‍. അപകടത്തിന് ശേഷം കാർ നിർത്താതെ പോയിരുന്നു. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികരണവുമായി മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജ് രംഗത്തെത്തിയിരുന്നു. മണിയന്‍പിളള രാജു ഇന്നലെ ട്രിവാന്‍ഡ്രം ക്ലബിലേക്ക് ഡ്രൈവര്‍ക്കൊപ്പം പോയിരുന്നുവെന്ന് നിരഞ്ജ് പറഞ്ഞു. ക്ലബിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അച്ഛന്റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നും നിരഞ്ജ് വ്യക്തമാക്കി. സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നും നിരഞ്ജന്‍ വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ചതിനും അലക്ഷ്യമായി, മനുഷ്യജീവന് ആപത്തുണ്ടാകുന്ന വിധത്തിൽ വാഹനമോടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. എഫ്ഐആറും രജിസ്റ്റർ ചെയ്തു. ‘വാഹനത്തിന്റെ ഡ്രൈവർ’ എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. വാഹനമോടിച്ചത് ആരാണെന്ന് വ്യക്തമാകാത്തതിനാലാണ് അജ്ഞാത വ്യക്തിയെന്ന നിലയ്ക്ക് കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ വോള്‍വോ കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കാറിനുളളിലായി. ബൈക്കുമായി കാര്‍ അമിതവേഗത്തില്‍ നീങ്ങിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശ്രീകണ്‌ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തില്‍പ്പെട്ട ബൈക്ക് ഫയര്‍ഫോഴ്‌സ് എത്തി റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version