Site icon Malayalam News Live

പകൽ കച്ചവടം, രാത്രി മോഷണം; ചങ്ങനാശ്ശേരിയുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ

പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് സ്ഥിരമായി മോഷണം നടത്തിയിരുന്നയാളെ പോലീസ് പിടികൂടി. ചങ്ങനാശേരിയിലെ വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തിയിരുന്ന പ്രതിയെ ആണ് ചങ്ങനാശേരി പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി കടമാഞ്ചിറ ഭാഗത്ത് പുത്തൻ പറമ്പിൽ വീട്ടിൽ 60കാരനായ ഇസ്മായിൽ ആണ് പിടിയിലായത്. പൂട്ടിക്കിടക്കുന്ന വീടുകളിൽ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പകൽ സമയം ഫ്രൂട്സും പച്ചക്കറികളുമായി കച്ചവടം നടത്തുന്ന ഇയാൾ പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കി വെച്ച് രാത്രി മോഷണം നടത്തുന്നതാണ് രീതി.

ആനന്ദാശ്രമം സ്വദേശിയുടെ നാലു മാസത്തോളമായി പൂട്ടി കിടന്ന വീടിന്റെ മുൻ വശത്തെ കതക് കുത്തിത്തുറന്ന് അകത്ത് കടന്ന് ഇയാൾ മോഷണം നടത്തിയിരുന്നു. വീടിനുള്ളിലെ മുറികളിലെ കതകുകൾ കുത്തിത്തുറന്ന് കിടപ്പ് മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ വില വരുന്ന സ്വർണ്ണ ലോക്കറ്റോടു കൂടിയ പേൾ മാലയും, മറ്റൊരു മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരം രൂപയും, വാച്ചുകളും , ബാത്ത് റൂമിൻെറ ഫിറ്റിംഗ്സുകളും ഉൾപ്പെടെ മൂന്നര ലക്ഷം രൂപയുടെ മുതലുകൾ ഇയാൾ മോഷ്ടിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി തോംസൺ കെപി ചങ്ങനാശ്ശേരി എസ്എച്ഒ അനുരാജ് എംഎച്, എസ്ഐ ആന്റണി മൈക്കിൾ , എസ്‌സിപിഒ തോമസ് സ്റ്റാൻലി, സിപിഒ നിയാസ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൂടിയത്. ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Exit mobile version