മലപ്പുറം: മോഷണശ്രമത്തില്‍ പണം കിട്ടിയില്ല. ഒടുവില്‍ നിരാശനായ കള്ളൻ മുന്തിരി തിന്ന് ആശ്വാസംകൊണ്ടു.
കഴിഞ്ഞദിവസം വണ്ടൂർ അങ്ങാടിയില്‍ നടന്ന മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യമാണ് കൗതുകക്കാഴ്ചയായത്. റോഡരികിലെ പഴക്കടയില്‍ കയറിയ മോഷ്ടാവിന് മേശയുടെ പൂട്ട് പൊളിക്കാൻ കഴിഞ്ഞില്ല. പറ്റുന്നിടത്തോളം ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. ഒടുവില്‍ കടയിലുണ്ടായിരുന്ന മുന്തിരിയും കഴിച്ച് മടങ്ങുന്നതാണു രംഗം.
കാളികാവ് റോഡിലെ ആത്താസ് ബേക്കറിക്കു മുൻപിലെ പഴക്കടയില്‍ കയറിയ മോഷ്ടാവാണ് ഒന്നും കിട്ടാതായതോടെ മുന്തിരി കഴിച്ച് മടങ്ങിയത്. ഈയിടെയായി വണ്ടൂരില്‍ മോഷണങ്ങള്‍ പതിവാണ്.
നേരത്തേ മഞ്ചേരി റോഡിലെ കെ.എ.കെ. സ്റ്റീല്‍സ് ആൻഡ് സിമന്റ് കടയിലും മറ്റു രണ്ടു കടകളിലും മോഷണം നടന്നിരുന്നു. കെ.എ.കെ. സ്റ്റീല്‍സില്‍ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 52,000 രൂപയാണു കവർന്നത്.
