Site icon Malayalam News Live

പട്ടാപ്പകല്‍ കോടതി കെട്ടിടത്തില്‍ കയറി മോഷണം; പ്രോസിക്യൂട്ടറുടെയും പൊലീസിന്റെയും പണം കവര്‍ന്നു

സ്വന്തം ലേഖിക

മലപ്പുറം: അതീവ സുരക്ഷയുള്ള കോടതി കെട്ടിടത്തില്‍ കയറി പട്ടാപ്പകല്‍ പ്രോസിക്യൂട്ടറുടെയും പൊലീസിന്റെയും പണം മോഷ്ടിച്ചു.

മലപ്പുറം ജില്ലാ കോടതി കെട്ടിടത്തില്‍ പ്രോസിക്യൂട്ടറുടെ ഓഫിസിലാണ് എല്ലാവരെയും ഞെട്ടിച്ച മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 11നും 12നും ഇടയ്ക്കാണു മോഷണം നടന്നത്.

പ്രോസിക്യൂട്ടറുടെ 5,000 രൂപയും വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ കൈവശമുണ്ടായിരുന്ന 500 രൂപയുമാണ് നഷ്ടമായത്.സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അഡീഷനല്‍ സെഷൻസ് കോടതി പ്രോസിക്യൂട്ടറും പൊലീസ് ഉദ്യോഗസ്ഥയും കോടതിയില്‍ പോയതായിരുന്നു. ഓഫിസിന്റെ വാതില്‍ പൂട്ടിയിരുന്നില്ല. 12 മണിയോടെ ഓഫീസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പ്രോസിക്യൂട്ടറുടെ പണമടങ്ങിയ ബാഗ് മേശയ്ക്കുള്ളില്‍നിന്നു മേശപ്പുറത്തേക്ക് വലിച്ചിട്ട നിലയില്‍ കണ്ടത്.

ബാഗിനുള്ളിലെ സാധനങ്ങളെല്ലം പുറത്ത് വലിച്ചിട്ട നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് പഴ്‌സിലുണ്ടായിരുന്ന പണമെല്ലാം നഷ്ടപ്പെട്ടത് മനസിലായത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടേയും മേശപ്പുറത്തിരുന്ന ബാഗില്‍ നിന്നാണു പണം നഷ്ടമായത്. മറ്റ് രേഖകളൊന്നും മോഷണം പോയിട്ടില്ല. ഓഫീസില്‍ നിരീക്ഷണ ക്യാമറയില്ലാത്തത് ശ്രദ്ധിച്ചാണ് മോഷാടാവ് കോടതി കെട്ടിടത്തില്‍ കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊലീസുകാര്‍ എത്തുന്ന സ്ഥലത്തുനിന്നാണ് മോഷ്ടാവ് വിദഗ്ധമായി പണം അടിച്ചുമാറ്റിയത്. എന്തായലും കോടതി പരിസരത്തെ മോഷണം പൊലീസിനും നാണക്കേടായിരിക്കുകയാണ്.

Exit mobile version