Site icon Malayalam News Live

മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; സംഘത്തിലെ ഒരാൾ പിടിയിൽ, സംഭവം കോഴിക്കോട്

കോഴിക്കോട് മുക്കം പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ താമസിക്കുന്ന വീട് കുത്തിത്തുറന്ന് യുവാക്കള്‍ കവര്‍ന്നത് 8,500 രൂപ. സംഭവത്തില്‍ മലപ്പുറം അരീക്കോട് കാവന്നൂര്‍ സ്വദേശി മിയാസ് ബാബു(20) പിടിയിലായി. ഇതേ വീട്ടില്‍ തന്നെ താമസിക്കുന്ന യുവാവാണ് മിയാസ് ബാബുവിനെ കൈയ്യോടെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം നടന്നത്. മുക്കം ബിവ്‌റേജസ് ഔട്ട്‌ലെറ്റിന് പിറകിലുള്ള വീട്ടിലാണ് എസ്‌ഐ താമസിച്ചിരുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് വന്ന യുവാക്കള്‍ മദ്യപിച്ച ശേഷം മോഷ്ടിക്കാനായി ഈ വീട്ടില്‍ കയറുകയായിരുന്നു. വീട്ടിനുള്ളിലെ അഞ്ചോളം വാതിലുകള്‍ തകര്‍ത്ത നിലയിലാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന കോഴിമുട്ട ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിട്ടുണ്ട്. മുറിയിലെ പണമെടുത്ത ശേഷം ലാപ് ടോപ്പുമായി പുറത്തിറങ്ങിയപ്പോഴാണ് ഇവിടത്തെ താമസക്കാരനായ സനീഷ് എന്ന യുവാവ് വീട്ടിലേക്കെത്തിയത്. സനീഷ് മിയാസ് ബാബുവിനെ പിടികൂടിയപ്പോഴേക്കും മറ്റ് രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version