Site icon Malayalam News Live

കോട്ടയത്ത് മദ്യം നല്‍കി മധ്യവയസ്കന്റെ മാല കവര്‍ന്നു; സംഭവം നടന്നത് കറുകച്ചാലില്‍, മൂന്നുപേര്‍ പോലീസ് പിടിയില്‍

കോട്ടയം : മുന്‍പരിചയം നടിച്ചു മദ്യം നല്‍കി അവശനാക്കിയ ശേഷം മധ്യവയസ്‌കനെ തട്ടി ക്കൊണ്ടുപോയി സ്വര്‍ണമാല കവര്‍ന്നു. കോട്ടയം കറുകച്ചാലിലാണ് സംഭവം. കേസിൽ മൂന്നു പേര്‍ കറുകച്ചാല്‍ പോലീസിന്റെ പിടിയിലായി. കറുകച്ചാല്‍ ശാന്തിപുരം സ്വദേശിയും നെടുംകുന്നം പുന്നവേലിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ജോസഫ്‌ വര്‍ഗീസ്‌ (61) ആണ്‌ കവര്‍ച്ചയ്‌ക്ക് ഇരയായത്‌.

ആലപ്പുഴ ചേര്‍ത്തല സ്വദേശി സുധീഷ്‌ കുമാര്‍(45)കൊമ്മാടി സ്വദേശി അനീഷ്‌ ആന്റണി(47) കരുനാഗപ്പള്ളി തേവലക്കര സ്വദേശി അനില്‍ കെ രാജന്‍ (47)എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ ശനിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. കറുകച്ചലിലെ ബാറില്‍ വച്ചാണ് മുന്‍പരിചയക്കാരെന്നു നടിച്ചു പ്രതികള്‍ ജോസഫ്‌ വര്‍ഗീസിനെ വലയിലാക്കുന്നത്‌.

കറുകച്ചാലിലെ മദ്യ വിലപ്പനശാലയില്‍ നിന്നും മദ്യം വാങ്ങി പ്രതികള്‍ മൂന്നു പേരും ജോസഫ്‌ വര്‍ഗീസും മാമ്മൂടിനു സമീപം കൊച്ചു റോഡിലൂള്ള ജോസഫ്‌ വര്‍ഗീസിന്റെ സുഹൃത്തിന്റെ വീട്ടിലെത്തി. ഇതിനിടെ മദ്യപിച്ച്‌ അവശ നിലയിലായ ജോസഫിനെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു നാലു പേരും രണ്ടു ബൈക്കുകളായി ചിങ്ങവനം മാളിയേക്കടവ്‌ ഭാഗത്തേക്കാണ് പോയത്‌. ഇവിടെ ആളൊഴിഞ്ഞ പുരയിയിടത്തില്‍ ജോസഫ്‌ വര്‍ഗീസിനെ ഉപേക്ഷിച്ച ശേഷം കഴുത്തില്‍ അണിഞ്ഞിരുന്ന നാലു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയുമായി കടന്നു കളയുകയായിരുന്നു.

തുടര്‍ന്നു പ്രദേശവാസികളുടെ സഹായത്തോടെ ജോസഫ്‌ വര്‍ഗീസ്‌ കറുകച്ചാല്‍ പോലീസിലെത്തി പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിചച്ചും പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പിന്തുടര്‍ന്നും 24 മണിക്കൂറിനുള്ളില്‍ മൂന്നു പേരെയും വലയിലാക്കാന്‍ കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി.

Exit mobile version