Site icon Malayalam News Live

തന്ത്രിയും പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. 41 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് ഇപ്പോള്‍ തന്ത്രിക്ക് ജാമ്യം ലഭിച്ചത്. കേസില്‍ ഇതുവരെ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമായിരുന്നു ലഭിച്ചിരുന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി തന്ത്രിക്ക് ജാമ്യം നല്‍കുകയായിരുന്നു.

തന്ത്രിക്ക് ജാമ്യം കിട്ടിയത് എസ്ഐടിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രഥമദൃഷ്ടിയാൽ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Exit mobile version