Site icon Malayalam News Live

ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത രണ്ടു പൊലീസുകാര്‍ക്ക് സസ്പെൻഷൻ; പരസ്പരം പഴി ചാരി പൊലീസുകാരും ഡിവൈഎസ്‌പിയും; വിരമിക്കാൻ നാലുനാള്‍ ബാക്കി നില്‍ക്കെ ഡിവൈഎസ്‌പി എം ജി സാബുവിനും പണി കിട്ടും

കൊച്ചി: ഗൂണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത രണ്ടുപൊലീസുകാർക്ക് സസ്‌പെൻഷൻ.

ആലപ്പുഴ ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്‌പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടില്‍ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
മൂന്നാമത്തെ പൊലീസുകാരൻ വിജിലൻസില്‍ നിന്നുള്ളയാളാണ്.

അതേസമയം, പരസ്പരം പഴി ചാരുന്ന നിലപാടാണ് ഡിവൈഎസ്‌പിയും പൊലീസുകാരും എടുത്തിരിക്കുന്നത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്‌പിയെന്ന് പൊലീസുകാർ പറയുന്നു.

സിനിമാനടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിരുന്നിന് കൊണ്ടുപോയത്. എന്നാല്‍ പൊലീസുകാരാണ് തന്നെ വീട്ടില്‍ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്‌പി എം ജി സാബുവിന്റെ മൊഴി. സംഭവത്തില്‍ പൊലീസ് ആഭ്യന്ത അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആലപ്പുഴ പൊലീസ് ക്യാമ്പിലെ ഡ്രൈവറും സി.പി.ഒയും ഡിവൈഎസ്പിയുടെ ഡെപ്യൂട്ടികളായി താത്കാലികമായി വന്ന ഉദ്യോഗസ്ഥരാണ് ഇവർ. ഇവരുടെ പേരുവിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. വിരുന്ന് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ വിഷയത്തില്‍ പ്രാഥമിക അന്വേഷണത്തിന് എസ്‌പി ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Exit mobile version