Site icon Malayalam News Live

രൂക്ഷമായ ഗതാഗതക്കുരുക്ക്; തലയോലപ്പറമ്പിലെ കുരുക്കിന് പരിഹാരം വേണമെന്ന ആവശ്യം ശക്തം

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ടൗണിൽ വർധിച്ചുവരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണമെന്ന് ജനങ്ങളും വ്യാപാരികളും ആവശ്യപ്പെടുന്നു. ടൗണിൽ വിവിധ ഭാഗങ്ങളിലുള്ള ക്രമീകരണങ്ങളിലെ പോരായ്മകളും നിയമലംഘനങ്ങളും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പള്ളിക്കവല മുതൽ കെ.ആർ. നാരായണൻ ഓഡിറ്റോറിയം വരെയുള്ള ഭാഗങ്ങളിലാണ് വലിയ ഗതാഗതക്കുരുക്ക്. ടൗണിലെ റോഡുകളുടെ വീതിക്കുറവും അശാസ്ത്രീയമായ വാഹന പാർക്കിങ്ങും പ്രശ്നമാണ്.

മണിക്കൂറുകളോളമാണ് പലപ്പോഴും വാഹനങ്ങൾ റോഡിൽ കിടക്കുന്നത്. ഇത് ആംബുലൻസുകൾക്കും അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ടൗണിൽ റോഡിന്റെ ഒരുവശത്തുമാത്രം പാർക്കിങ് അനുവദിച്ച് നിയന്ത്രിച്ചാൽ ഒരു പരിധിവരെ ഗതാഗത തടസ്സം ഒഴിവാക്കാൻ കഴിയും. പള്ളിക്കവല മുതൽ ഇല്ലിത്തൊണ്ട് വരെയുള്ള ഭാഗത്ത് സിനിമാ തിയേറ്റർ, ബിവറജസ് ഔട്ട്‌ലെറ്റ് എന്നിവ കേന്ദ്രീകരിച്ച് വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

പള്ളിക്കവലയിൽ മുൻപ് സ്ഥാപിച്ചിരുന്ന ട്രാഫിക് ലൈറ്റ് വാഹനാപകടത്തിൽ തകർന്നതിനുശേഷം നിലവിൽ പ്രവർത്തനരഹിതമാണ്. ഇത് അടിയന്തരമായി പുനഃസ്ഥാപിക്കേണ്ടതുണ്ട്. പുതിയ ട്രാഫിക് ലൈറ്റ് ക്രമീകരിക്കുമ്പോൾ എല്ലാ വശങ്ങളിലേക്കും തുല്യസമയം നൽകുന്നതിന് പകരം, വൈക്കം, എറണാകുളം, കോട്ടയം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ സാന്ദ്രത പരിശോധിച്ച് ശാസ്ത്രീയമായി സമയം ക്രമീകരിക്കണമെന്നാണ് പൊതു അഭിപ്രായം.

Exit mobile version