Site icon Malayalam News Live

താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ്: കൈനകരി യു.ബി.സി. തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജലജേതാവ്; രണ്ടാം സ്ഥാനം കരസ്ഥമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ

സ്വന്തം ലേഖകൻ

കോട്ടയം: താഴത്തങ്ങാടിയില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ അഞ്ചാം മത്സരത്തില്‍ ജലരാജാവായി നടുഭാഗം ചുണ്ടന്‍.

ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ വീയപുരം ചുണ്ടനാണ് രണ്ടാമത്. മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാമതായും ഫിനിഷ് ചെയ്തു.

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ കഴിഞ്ഞ മത്സരങ്ങില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ ആധിപത്യമായിരുന്നെങ്കില്‍, താഴത്തങ്ങാടി സാക്ഷ്യം വഹിച്ചത് നടുഭാഗത്തിന്റെ കുതിപ്പിനാണ്. യുബിസി കൈനകരിയുടെ തുഴക്കാര്‍ നടുഭാഗത്തിന്റെ കുതിപ്പിന് ശരവേഗം നല്‍കി. തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ വീയപുരത്തെ പിന്നിലാക്കിയാണ് നടുഭാഗം കരുത്ത് കാട്ടിയത്.

നവംബര്‍ 14 ന് ആലപ്പുഴയിലെ പുളിങ്കുന്നിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആറാം മത്സരം. ഡിസംബര്‍ 9 ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടെയാണ് മത്സരങ്ങള്‍ക്ക് സമാപനം കുറിക്കുക.

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ആഘോഷമാണ് വള്ളംകളിയെന്ന് മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി പതാക ഉയർത്തി, മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി. സുവനീറിന്റെ ആദ്യപ്രതി പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി സി.ബി എൽ. സന്ദേശം നൽകി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ജലഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ജീവൻ സുരക്ഷ സ്വീമ്മിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ സി.ബി.എൽ. ഫ്‌ളാഗ് കൈയിലേന്തി ഫിനിഷിംഗ് മുതൽ സ്റ്റാർട്ടിംഗ് പോയിന്റ് വരെ നീന്തൽ പ്രദർശനവും നടന്നു.

ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു. നീന്തൽ പ്രദർശനത്തിന്റെ ഫ്ളാഗ് ഓഫ് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ നിർവഹിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് കെ. കാർത്തിക് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

Exit mobile version