Site icon Malayalam News Live

ക്ഷേത്രപ്രവേശന വിളംബര നോട്ടീസ് വിവാദം; നോട്ടീസ് തയ്യാറാക്കിയ പുരാവസ്തു സാംസ്‌കാരിക ഡയറക്ടര്‍ മധുസൂദനൻ നായരെ സ്ഥലം മാറ്റി

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര നോട്ടീസ് തയ്യാറാക്കിയ പുരാവസ്തു സാംസ്‌കാരിക ഡയറക്ടര്‍ മധുസൂദനൻ നായരെ സ്ഥലം മാറ്റി.

ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം ആയത്. ഇയാളെ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായാണ് സ്ഥലം മാറ്റിയത്.

മധുസൂദനൻ നായരാണ് നോട്ടീസ് തയ്യാറാക്കിയത്. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് നോട്ടീസ് പുറത്തിറക്കിയത്.

രാജഭരണക്കാലത്ത് ഉപയോഗിക്കുന്ന തമ്ബുരാൻ, ഹിസ് ഹൈനസ്, രാജ്ഞി തുടങ്ങിയ വാക്കുകള്‍ ഈ നോട്ടീസിലുണ്ടായിരുന്നു. നോട്ടീസ് വിവാദമായ പശ്ചാത്തലത്തില്‍ ഇന്നത്തെ പരിപാടിയില്‍ രാജ കുടുംബത്തിന്റെ ഭാഗമായിട്ടുള്ള ആള്‍ക്കാരാരും പങ്കെടുത്തിരുന്നില്ല. ഇതിന് ശേഷമാണിന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നത്.

നോട്ടീസുലുണ്ടായിരുന്ന വാചകങ്ങള്‍ ബോര്‍ഡിന്റെ പ്രതിഛായയെ ബാധിച്ചു. ഇത് ബോര്‍ഡിന് അവമതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തിയ ബോര്‍ഡ് മധുസൂദനൻ നായരെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

ഈ തീരുമാനത്തില്‍ മധുസൂധനൻ നായര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്നവിവരം. അദ്ദേഹം ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്.

Exit mobile version