രാത്രി ഉറങ്ങുന്നതിന് മുൻപും രാവിലെ എഴുന്നേറ്റാലും പല്ല് തേക്കാൻ മടിയാണോ? എങ്കില്‍ ഹെഡ് ആന്റ് നെക്ക് കാൻസറിന് സാധ്യത കൂടുതലെന്ന് ശാസ്ത്രജ്ഞര്‍

കൊച്ചി: രാത്രി ഉറങ്ങുന്നതിന് മുൻപും രാവിലെ എഴുന്നേറ്റാലും പല്ല് തേക്കുന്നതും വായ വൃത്തിയാക്കുന്നതും നിർബന്ധമായ കാര്യമാണ്.

അങ്ങനെയൊരു ശീലത്തിന്റെ അഭാവം നമ്മുടെ വായയുടെ ശുചിത്വത്തെ കാര്യമായി ബാധിക്കും. ഇപ്പോഴിതാ വായയുടെ ശുചിത്വമില്ലായ്മ അർബുദത്തിന്റെ സാധ്യത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ഇതുവഴി ഹെഡ് ആന്റ് നെക്ക് കാൻസറിന്റെ സാദ്ധ്യത കൂടുകയെന്ന് യു.എസ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. മോണരോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ തന്നെയാണ് ഈ അർബുദത്തിന് കാരണമാകുന്നതെന്നും ശാസ്ത്രജ്ഞരുടെ കണ്ടെത്തലിലുണ്ട്. പ്രമേഹവും രക്തസമ്മർദ്ദവും കൂടാനും വായയുടെ ശുചിത്വമില്ലായ്മ കാരണമാകുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

‘വായയുടെ ശുചിത്വം നിലനിർത്തേണ്ടതിന്റെ മറ്റൊരു കാരണം കൂടിയാണ് ഞങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ദിവസവും പല്ല് തേക്കുന്നതും വായ വൃത്തിയാക്കുന്നതും ദന്തരോഗങ്ങളില്‍ നിന്ന് മാത്രമല്ല നിങ്ങളെ സംരക്ഷിക്കുക. ഹെഡ് ആന്റ് നെക്ക് കാൻസറില്‍ നിന്ന് കൂടി നിങ്ങളെ രക്ഷിക്കും.’-ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ റിച്ചാർഡ് ഹയെസ് വ്യക്തമാക്കുന്നു.

2040-ഓടെ ഇന്ത്യയില്‍ 2.1 മില്ല്യണ്‍ പുതിയ കാൻസർ കേസുകള്‍ റിപ്പോർട്ട് ചെയ്യുമെന്നാണ് ഗ്ലോബല്‍ കാൻസർ ഒബ്സർവേറ്ററിയുടെ നിരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 2020-ല്‍ നിന്ന് 57.5% വർദ്ധനവാണ് ഉണ്ടാകുക. ലോകത്ത് ഏറ്റവും കൂടുതല്‍ ഓറല്‍ കാവിറ്റി കാൻസർ രോഗികളുള്ളതും ഇന്ത്യയിലാണ്. പുകയിലയുടെ വ്യാപകമായ ഉപയോഗമാണ് ഇതിന് കാരണം. 80 മുതല്‍ 90 ശതമാനം ഓറല്‍ കാൻസറിനും കാരണം പുകയിലയാണ്.

എന്താണ് ഹെഡ് & നെക്ക് കാൻസർ?

തൊണ്ട, മൂക്ക്, ചെവി,വായ, നാക്ക്, ചുണ്ടുകള്‍, കവിള്‍, ഉമിനീർ ഗ്രന്ധികള്‍ എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന കാൻസറുകളാണ് ഈ വിഭാഗത്തില്‍ പെടുന്നത്.

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

ഏതു ഭാഗത്താണ് കാൻസർ എന്നതിനനുസരിച്ച്‌ രോഗലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും.
നാക്ക്, കവിള്‍ എന്നീ ഭാഗങ്ങളില്‍ ഉണ്ടാകുന്ന നിറവ്യത്യാസം, ഉണങ്ങാത്ത മുറിവുകള്‍, മാറാത്ത പുണ്ണ്, മാറാത്ത തൊണ്ടവേദന, ഭക്ഷണം കഴിക്കുമ്ബോള്‍ തൊണ്ടയില്‍ ഉണ്ടാകുന്ന തടസ്സം, ശബ്ദത്തിലുള്ള വ്യത്യാസം, ശ്വാസമെടുക്കുമ്ബോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഭക്ഷണം തരിപ്പില്‍ പോകുക, കഴുത്തില്‍ ഉണ്ടാകുന്ന മുഴകള്‍ ഇവയെല്ലാം രോഗലക്ഷണങ്ങള്‍ ആകാം.