Site icon Malayalam News Live

കടുത്ത കാലുവേദനയുമായി എത്തിയ യുവാവിന്റെ സിടി സ്കാൻ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടലോടെ ഡോക്ടർമാർ; രണ്ട് കാലുകള്‍ക്കുള്ളിലും നാടവിരകളുടെ ലാർവകള്‍; കാരണം പന്നിയിറച്ചി കഴിച്ചത്

ഡൽഹി: കടുത്ത കാലുവേദനയുമായി എത്തിയ യുവാവിന്റെ സിടി സ്കാൻ ദൃശ്യങ്ങള്‍ പരിശോധിച്ച ഡോക്ടർ ഞെട്ടി. രോഗിയുടെ രണ്ട് കാലുകള്‍ക്കുള്ളിലും നാടവിരകളുടെ ലാർവകള്‍ നിറഞ്ഞിരിക്കുന്നു. പരാദ അണുബാധയുള്ള യുവാവിന്റെ ഇരുകാലുകളുടേയും സിടി സ്കാൻ ദൃശ്യങ്ങള്‍ യുഎസ് ഡോക്ടറായ സാം ഘാലിയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഇതെങ്ങനെ യുവാവിന്റെ ശരീരത്തിലെത്തിയെന്നായിരുന്നു ഡോക്ടറുടെ സംശയം. പരിശോധനയില്‍ ഇയാള്‍ ഒരു മാസം മുമ്പ് പാകം ചെയ്യാത്ത പന്നിയിറച്ചി കഴിച്ചിരുന്നുവെന്ന് കണ്ടെത്തി. ഇതില്‍ നിന്നാണ് യുവാവിന് പരാദ അണുബാധയുണ്ടായതെന്ന് സാം ഘാലി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

പന്നികളില്‍ കാണപ്പെടുന്ന ഈ നാടവിര ലാർവകള്‍ പന്നിയിറച്ചി പാകം ചെയ്യാതെ ഭക്ഷിക്കുമ്പോള്‍ മനുഷ്യ ശരീരത്തിനുള്ളിലേക്കും എത്തുന്നു. 12 ആഴ്ചകള്‍ക്കുള്ളില്‍ ദഹനനാളത്തിനുള്ളില്‍ ഈ ലാർവകള്‍ വളർച്ച പൂർത്തിയായ നാട വിരകളായി മാറും. ഈ അവസ്ഥയെ ഇന്റസ്‌റ്റൈനല്‍ റ്റീനിയാസിസ് എന്നാണ് പറയുന്നതെന്ന് ഡോക്ടർ സാം ഘാലി പറഞ്ഞു.

ഈ വിരകള്‍ ദഹനനാളത്തിന്റെ ഭിത്തി തുളച്ച്‌ രക്തത്തിലേക്ക് കലരുന്നതോടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കും. ഇവ പ്രധാനമായും ആക്രമിക്കുന്നത് മസ്തിഷ്കം, കണ്ണുകള്‍, സബ്ക്യുട്ടേനിയസ് കലകള്‍, അസ്ഥിപേശികള്‍ എന്നിവയെയാണ്. ചില ആളുകളില്‍, ലാർവകള്‍ മസ്തിഷ്കത്തിലേക്ക് സഞ്ചരിക്കുകയും മസ്തിഷ്ക കോശങ്ങളില്‍ സിസ്റ്റുകള്‍ രൂപപ്പെടുകയും ചെയ്യും. ഇത് തലവേദന, അപസ്മാരം, മറ്റ് ഗുരുതരമായ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ എന്നിവയുണ്ടാക്കുമെന്നും ഡോ. സാം ഘാലി പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

Exit mobile version