Site icon Malayalam News Live

കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന നിലയില്‍ വാർത്തകളില്‍ നിറഞ്ഞ ശർമ്മിളയ്ക്കെതിരെ കേസെടുത്ത് പൊലീസ് ; സ്ത്രീത്വത്തെ അപമാനിച്ചെന്നും എഫ്‌ഐആര്‍

 

ചെന്നൈ : പൊലീസ് ഉദ്യോഗസ്ഥക്കതിരെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് നടപടി. കമല്‍ഹാസൻ സമ്മാനമായി നല്‍കിയ കാറോടിക്കുന്നതിനിടെ, ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ അനാവശ്യമായി തടഞ്ഞെന്നും

അസഭ്യം പറഞ്ഞുവെന്നുമായിരുന്നു ശർമ്മിളയുടെ ആരോപണം. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് രസീത് നല്‍കാതെ പൊലീസ് ഉദ്യോഗസ്ഥ പണം വാങ്ങുന്നുവെന്നും ശർമ്മിള ആരോപിച്ചെങ്കിലും ഇത് തെളിയിക്കുന്ന ദൃശ്യങ്ങളൊന്നും വീഡിയോയില്‍ ഉണ്ടായിരുന്നില്ല.

ശർമ്മിളയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് കോയമ്ബത്തൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തത്. സംഗനൂർ ട്രാഫിക് സിഗ്നലില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ ശർമ്മിള വാഹനം ഓടിച്ചെന്നും ഇത് ചോദ്യം ചെയ്ത പൊലീസുകാരിയെ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

അനുവാദമില്ലാതെ പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പിന്നാലെ അപകീർത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം കുറ്റങ്ങളും ഐടി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയാണ് എഫ്‌ഐആർ.

Exit mobile version