തൃശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനത്തെ തുടർന്ന് ലഡാക്ക് യാത്ര റദ്ദാക്കി രാത്രി തന്നെ തൃശൂരില്‍ തിരികെയെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരമാണ് ലഭ്യമായത്. ഇന്ന് ഉച്ചക്ക് ഡല്‍ഹിയില്‍ എത്തിയതേയുള്ളൂ. ലഡാക്ക് യാത്ര റദ്ദാക്കി ഞാൻ ഉടൻ തൃശൂരില്‍ തിരികെയെത്തും.
യാത്ര മാറ്റി തൃശൂരിലെത്താൻ പ്രധനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു. പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റിയുള്ള ലഭ്യമായ വിവരം നല്‍കിയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇനിയും മരണ സംഖ്യ ഉയർന്നേക്കാം. രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെടുന്നവർക്കുള്ള സുരക്ഷയും ഉറപ്പാക്കണം. അവരും മനുഷ്യരാണ്, അവർക്കും ഒരു അപകടവും വരാൻ പാടില്ല. ദുഃഖത്തില്‍ പങ്കുചേരുന്നു. ഇന്ന് രാത്രി തന്നെ സംഭവ സ്ഥലത്തെത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിള്‍ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. ലൈസെൻസി മുണ്ടക്കോട് സതീശൻ എന്നയാളും അപകടത്തില്‍ പെട്ടിട്ടുണ്ട്.
അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കള്‍ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയില്‍ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങള്‍ പാടത്തു നിന്നും കണ്ടെടുത്തു.
