Site icon Malayalam News Live

മോശം പെരുമാറ്റം; മാദ്ധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: മാദ്ധ്യമ പ്രവ‌ര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.

354 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് മാദ്ധ്യമപ്രവര്‍ത്തക നല്‍കിയ പരാതി കമ്മിഷണര്‍ നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തെന്നുമാണ് പരാതിയിലുള്ളത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് മാദ്ധ്യമങ്ങളോട പ്രതികരിക്കവെയാണ് ചോദ്യമുന്നയിച്ച മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവച്ചത്.

തോളില്‍ കൈവയ്ക്കുന്നത് ആവര്‍ത്തിച്ചപ്പോള്‍ സുരേഷ്ഗോപിയുടെ കൈ മാദ്ധ്യമപ്രവര്‍ത്തക എടുത്തുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാദ്ധ്യമപ്രവര്‍ത്തക പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ സുരേഷ് ഗോപി മാപ്പുപറഞ്ഞിരുന്നു.

തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചത്.

Exit mobile version