ന്യൂഡൽഹി: ഹിന്ദുത്വം എന്നത് ഒരു ജീവിത രീതിയാണെന്ന് സുപ്രീം കോടതി.
പതിവായി ക്ഷേത്രങ്ങളില്‍ പോയില്ലെങ്കിലും, വീടിനുള്ളില്‍ ആരാധന ചിട്ടകള്‍ അനുവർത്തിച്ചില്ലെങ്കിലും ഹിന്ദുവായി തുടരാനാകുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് പരാമർശം.
ഒരു ആചാരം നടത്താൻ ഒരു ഹിന്ദു നിർബന്ധമായും ഒരു ക്ഷേത്രത്തില്‍ പോകേണ്ടതില്ല. അത് ഒരു ജീവിതരീതിയായതിനാല്‍ അവർ എപ്പോഴും ഹിന്ദുവായി തുടരും . ഒരാളിന്റെ വിശ്വാസത്തില്‍ ആർക്കും ഇടപെടാൻ കഴിയില്ല എന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
സാമൂഹിക പരിഷ്കരണത്തിനും ഇന്ത്യയുടെ നാഗരികത സംരക്ഷിക്കുന്നതിനും ഇടയിലുള്ള ഭരണഘടനാ സന്തുലിതാവസ്ഥയെക്കുറിച്ച് കഴിഞ്ഞ വാദം കേള്‍ക്കലില്‍ സുപ്രീം കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെ ഒരു സാമൂഹിക പരിഷ്കരണത്തിന് താല്പര്യപ്പെടുന്നുണ്ടെങ്കില്‍ കോടതി അത് അംഗീകരിക്കും. എന്നാല്‍, ജനങ്ങളുടെ ഇച്ഛയ്‌ക്ക് വിരുദ്ധമായി എന്തെങ്കിലും അടിച്ചേല്‍പ്പിക്കാൻ ശ്രമിച്ചാല്‍ കോടതി ഇടപെടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
