ഡല്‍ഹി:പൊതുവിടങ്ങളില്‍നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെ നല്‍കിയ അപേക്ഷകള്‍ സുപ്രീംകോടതി തള്ളി.
മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കളെ നീക്കാനായി ആനിമല്‍ വെല്‍ഫയർ ബോർഡ് പുറപ്പെടുവിച്ച നടപടിക്രമങ്ങളെ ചോദ്യംചെയ്ത് ഒരു കൂട്ടം മൃഗസ്നേഹികളാണ് സുപ്രീംകോടതിയില്‍ അപേക്ഷ സമർപ്പിച്ചത്.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്‌കൂളുകള്‍, ആശുപത്രികള്‍, ബസ് സ്റ്റാൻഡുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സ്‌പോർട്‌സ് കോംപ്ലക്സുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ മാറ്റുന്നത് ഉറപ്പാക്കാൻ കഴിഞ്ഞ വർഷം നവംബറില്‍ ഈ ബെഞ്ച് അധികാരികള്‍ക്ക് നിർദേശങ്ങള്‍ നല്‍കിയിരുന്നു. നായ്ക്കളെ പുനഃരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും, എവിടെ നിന്നാണോ ഇവയെ പിടികൂടിയത് അതേ സ്ഥലത്തേക്ക് തിരികെ വിടരുതെന്നും കോടതി നിർദേശിച്ചിരുന്നു. പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ തെരുവ് നീളെ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള നിർദേശങ്ങളും ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് ഈ നിർദേശങ്ങള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളും മൃഗസംരക്ഷണ സംഘടനകളും നിരവധി അപേക്ഷകള്‍ സമർപ്പിച്ചു. ഈ അപേക്ഷകളില്‍ വിശദമായ വാദം കേട്ട ശേഷം ജനുവരി 29ന് ബെഞ്ച് വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. അന്തിമവിധിയില്‍ അപേക്ഷകള്‍ എല്ലാം തള്ളുന്നതായി കോടതി ഉത്തരവിട്ടു.
