Site icon Malayalam News Live

‘സ്വകാര്യ കോളേജുകള്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ ഫീസ് വാങ്ങാൻ നിര്‍ബന്ധിക്കാനാകില്ല’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന് നിശ്ചയിച്ചിട്ടുള്ള 8 ലക്ഷം രൂപയുടെ വാർഷിക വരുമാന പരിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.

 

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് അടയ്ക്കാൻ കഴിയാത്ത വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പുകളോ മറ്റ് സാമ്പത്തിക സഹായങ്ങളോ തേടാമെന്ന് കോടതി നിരീക്ഷിച്ചു. രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഹർഷ് വർദ്ധൻ സിംഗ് സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്ന, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

 

രാജസ്ഥാനിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ ഫീസ് ഘടന ശരിവെച്ച ഹൈക്കോടതി നടപടിയില്‍ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സർക്കാർ കോളേജുകള്‍ക്ക് തുല്യമായി ഫീസ് ഈടാക്കാൻ നിർദ്ദേശിക്കാനാകില്ലെന്ന് വാദത്തിനിടെ ജസ്റ്റിസ് ബിവി നാഗരത്ന വ്യക്തമാക്കി.

 

സ്വകാര്യ സ്ഥാപനങ്ങള്‍ സർക്കാർ കോളേജുകളുടെ അത്രയും ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് പറയാൻ കഴിയില്ല. അത് സാധ്യമല്ല. സ്വകാര്യ കോളേജുകളിലെ ഫീസ് അമിതമാണെന്ന് കാണിച്ച്‌ അത് സർക്കാർ നിരക്കാക്കി മാറ്റാൻ ഒരാള്‍ക്ക് ആവശ്യപ്പെടാനാകില്ല.

സർക്കാർ കോളേജുകള്‍ക്ക് ഭരണകൂടത്തിന്റെ ഗ്രാന്റുകള്‍ ലഭിക്കുന്നുണ്ട്, എന്നാല്‍ സ്വകാര്യ കോളേജുകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. ക്യാപിറ്റേഷൻ ഫീസുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും, അതിനർത്ഥം സർക്കാർ കോളേജ് നിരക്കില്‍ ഫീസ് വാങ്ങാൻ സ്വകാര്യ സ്ഥാപനങ്ങളെ നിർബന്ധിക്കാമെന്നല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

 

 

അങ്ങനെയുണ്ടായാല്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സർക്കാരിന് സ്വകാര്യ മേഖല നല്‍കുന്ന പിന്തുണ ഇല്ലാതാകുമെന്നും അവർ സ്ഥാപനങ്ങള്‍ പൂട്ടി മറ്റ് ബിസിനസുകളിലേക്ക് മാറുമെന്നും കോടതി ഓർമ്മിപ്പിച്ചു. രാജ്യത്തിന് ഡോക്ടർമാരെ ആവശ്യമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

 

 

 

വർഷത്തില്‍ 18.9 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഫീസ് ഈടാക്കുമ്പോള്‍, ഇഡബ്ല്യുഎസ് സംവരണത്തിനുള്ള വരുമാന പരിധി 8 ലക്ഷമായി നിശ്ചയിച്ചിരിക്കുന്നത് പരസ്പരവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

 

 

 

കൂടാതെ, മെഡിക്കല്‍ കോളേജുകളിലെ സീറ്റ് വർദ്ധനവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ സീറ്റുകളെ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റാൻ അനുവദിക്കുന്നുണ്ടെന്നും ഇത് സാധാരണക്കാർക്ക് മെഡിക്കല്‍ വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നുവെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു.

 

 

 

എങ്കിലും, സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്‌ സംസ്ഥാന ഫീസ് നിയന്ത്രണ സമിതിയാണ് സ്വകാര്യ കോളേജുകളിലെ ഫീസ് നിശ്ചയിച്ചിട്ടുള്ളതെന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ കണ്ടെത്തല്‍ സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

Exit mobile version