Site icon Malayalam News Live

ദില്ലി മദ്യനയകേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം; ദീർഘകാലം തടവിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

ദില്ലി; മദ്യനയ അവഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്.

മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ? സ്ഥിര ജാമ്യം അനുവദിക്കണോ? കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ? എന്ന കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിന് ശേഷം ജസ്റ്റിസ് സൂര്യകാന്ത് ആണ് ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചുള്ള വിധി പറഞ്ഞത്. കെജ്രിവാളിന് ജാമ്യം ലഭിച്ചതോടെ ജയില്‍ മോചനം ലഭിക്കും.

അനന്തകാലം തടവിലിടുന്നത് ശരിയല്ല, വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും ഉത്തരവില്‍ വിലയിരുത്തി.

ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ ജൂൺ 26നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

കെജ്‌രിവാളിനെയും സി.ബി.ഐ.യെയും പ്രതിനിധീകരിച്ച അഭിഭാഷകരുടെ വാദം കേട്ട ശേഷം സെപ്റ്റംബർ 5ന് സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു.

സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു, ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാത്ത നടപടിയിൽ കെജ്‌രിവാളിനെ എതിർത്തിരുന്നു. കെജ്‌രിവാൾ ജാമ്യത്തിനായി ഡൽഹി ഹൈകോടതിയെ നേരിട്ട് സമീപിക്കുകയും തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Exit mobile version