തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന ജനത്തിന് ഇരുട്ടടിയായി സപ്ലൈകോയിലും വിലവര്‍ദ്ധന നടപ്പിലാക്കുന്നു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാൻ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. സപ്ലൈകോയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം വില കൂട്ടാൻ അനുമതി നല്‍കിയത്.
വില വര്‍ദ്ധനവ് എത്രവേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും ധാരണയായിട്ടുണ്ട്.
ഏഴുവര്‍ഷത്തിന് ശേഷമാണ് സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്.
ചെറുപയര്‍, വൻപയര്‍. ഉഴഉന്ന്, വെളിച്ചെണ്ണ, ജയ അരി, തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങള്‍ക്കാണ് വില വര്‍ദ്ധിപ്പിക്കുന്നത്. അവശ്യസാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുമ്ബോള്‍ 500 കോടിയിലധികം രൂപയുടെ ബാദ്ധ്യതയാണ് ഉണ്ടാകുന്നതെന്നും ഇത് ഒന്നുകില്‍ സര്‍ക്കാര്‍ വീട്ടണം.
അല്ലെങ്കില്‍ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു സപ്ലൈകോയുടെ ആവശ്യം, ഇക്കാര്യം സപ്ലൈകോ ഭക്ഷ്യമന്ത്രിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. വില കൂട്ടുന്നത് നയപരമായ തീരുമാനമായതിനാലാണ് ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം വിഷയം ചര്‍ച്ച ചെയ്തത്.
