Site icon Malayalam News Live

പത്തനംതിട്ടക്കാര്‍ പത്തനംതിട്ടയില്‍ മാത്രം ഷൂട്ട് ചെയ്ത സൂപ്പര്‍ ജിമ്നി നാളെ തീയറ്ററിലേക്ക്; വ്യത്യസ്ത പ്രചാരണവുമായി അണിയറ പ്രവര്‍ത്തകര്‍

പത്തനംതിട്ട: ഇവിടെ നിന്നുളള നിര്‍മാതാവും സംവിധായകനും ചേര്‍ന്ന് പൂര്‍ണമായും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിച്ച സൂപ്പര്‍ ജിമ്നി വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തും.

സംസ്ഥാനമൊട്ടാകെ 35 സെന്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് രാജേഷ് മലയാലപ്പുഴ, സംവിധായകന്‍ അനു പുരുഷോത്ത്, എം.ജെ. പ്രസാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചാനല്‍ അവതാരക മീനാക്ഷി മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ചെങ്ങറ എസ്റ്റേറ്റ്, കൊടുമണ്‍, തിരുവല്ല, അടൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കുടശനാട് കനകം, കോബ്ര രാജേഷ്, കലാഭവന്‍ റഹ്‌മാന്‍, കലാഭവന്‍ നാരായണന്‍ കുട്ടി, സീമ ജി. നായര്‍, പ്രിയങ്ക, ഡോ. രജിത് കുമാര്‍, ജയകൃഷ്ണന്‍, ജയശങ്കര്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

പച്ചത്തപ്പ് എന്ന ആദ്യ ചിത്രത്തിലൂടെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ സംവിധായകന്‍ അനു പുരുഷോത്തിന്റെ രണ്ടാമത്തെ ചിത്രമാണ്. പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, ലഹരി വിരുദ്ധ സന്ദേശം എന്നിവ ഉള്‍ക്കൊള്ളിച്ച്‌ കുടുംബ പശ്ചാത്തലത്തിലാണ് സിനിമ തയാറാക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Exit mobile version