Site icon Malayalam News Live

കണ്ണൂരിൽ വീണ്ടും ട്വിസ്റ്റ്; ഒടുവിൽ മുട്ടുമടക്കി ഹൈക്കമാൻഡ്, കെ സുധാകരന് സീറ്റ് നൽകി പ്രശ്നം തീർക്കാൻ നീക്കം

കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കോൺ​ഗ്രസ്. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരന്റെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടിഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സര രംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആൻ്റണി കളത്തിലിറങ്ങിയത്.

എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാൻ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികൾ വരെ രംഗത്തുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു. പിന്നാലെയാണ് സുധാകരൻ പാർട്ടി വിടുമെന്ന് ഉറപ്പായത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോൺഗ്രസിന് സുധാകരന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നത്.

Exit mobile version