Site icon Malayalam News Live

സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി; തീയതി പിന്നീട് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഡിസംബർ മൂന്നുമുതല്‍ ഏഴു വരെ തിരുവനന്തപുരത്ത് നടത്താനിരുന്ന 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യവാരത്തിലേക്ക് മാറ്റിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഡിസംബർ നാലിന് നാഷണല്‍ അച്ചീവ്‌മെന്റ് സർവേ (നാസ്) പരീക്ഷ നടക്കുന്നതിനാലാണ് തീയതി മാറ്റമെന്ന് മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

പരീക്ഷ നടക്കുന്ന കാര്യം കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാവകുപ്പ് സർക്കുലറില്‍ അറിയിച്ചിട്ടുണ്ട്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നതിനാല്‍ അവർക്ക് കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല. ഡിസംബർ 12 മുതല്‍ 20 വരെ ക്രിസ്‌മസ് പരീക്ഷ നടക്കുന്നതിനാലും 21 മുതല്‍ 29 വരെ സ്‌കൂളുകളില്‍ ക്രിസ്‌മസ് അവധിയായതിനാലും കലോത്സവം മുൻനിശ്ചയപ്രകാരം നടത്താനാകാത്ത സാഹചര്യമാണ് .

സംസ്ഥാന കലോത്സവം മാറ്റിവച്ചതിനാല്‍ സ്‌കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളും പുനഃക്രമീകരിച്ചു. സ്‌കൂള്‍തലമത്സരങ്ങള്‍ 15നകം പൂർത്തിയാക്കും. സബ് ജില്ലാതല മത്സരങ്ങള്‍ നവംബർ 10നകവും ജില്ലാതല മത്സരങ്ങള്‍ ഡിസംബർ മൂന്നിനകവും പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version