Site icon Malayalam News Live

വരുന്നത് മഴയും കാറ്റും മിന്നലും; കേരളത്തിലെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഒക്ടോബര്‍ 23, 24 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള തീരത്ത്(വിഴിഞ്ഞം മുതല്‍ കാസറഗോഡ് വരെ) 23-10-2023 രാത്രി 11.30 വരെ 1.0 മുതല്‍ 3.0 മീറ്റര്‍ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത്( കൊളച്ചല്‍ മുതല്‍ കിലെകരൈ) 23-10-2023 രാത്രി 11.30 വരെ 1.2 മുതല്‍ 3.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം കേരള – കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version