Site icon Malayalam News Live

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അറബിക്കടലില്‍ വരുംമണിക്കൂറില്‍ ന്യൂനമര്‍ദം; ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അറബിക്കടലില്‍ വരുംമണിക്കൂറുകളില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

തൃശൂര്‍, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ നാല് ജില്ലകളിലാണ് ആദ്യം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളെ കൂടി ഉള്‍പ്പെടെ 12 ജില്ലകളില്‍ പുതിയ മുന്നറിയിപ്പ് പുറത്തിറക്കി. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

അറബിക്കടലിലെ ചക്രവാതച്ചുഴി അടുത്ത 36 മണിക്കൂറില്‍ ന്യൂനമര്‍ദമാകും. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്.

വെള്ളിയാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടും. തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും ആൻഡമാൻ കടലിലുമായി ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി ഇന്ന് കേരളം, തമിഴ്‌നാട്, പുതുച്ചേരി, മാഹി, കര്‍ണാടക എന്നിവിടങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

Exit mobile version