Site icon Malayalam News Live

സംസ്ഥാനത്ത് കാലവർഷത്തിൻ്റെ ശക്തി കുറഞ്ഞു; മഴ പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൻ്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

എന്നാല്‍ മഴ പൂർണമായും കേരളം വിട്ട് പോയിട്ടില്ല. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് നിലനില്‍ക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തൃശൂർ ജില്ലയില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 -50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്.

അതിനാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിതമായ മേഖലകളില്‍ തുടരണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

Exit mobile version