Site icon Malayalam News Live

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്.

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.

മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ഇന്ന് മഞ്ഞ അലേ‌‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്രമഴ മഴ മുന്നറിയിപ്പുള്ള ജില്ലകള്‍ക്ക് ജാഗ്രത നിർദേശവും കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.

മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version